നവജാതശിശു ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആയി ജനിക്കുന്നതായി തിരിച്ചറിയുന്നില്ല. അതിന് പെണ്ണത്തമോ ആണത്തമോ ഇല്ല. ലിംഗവ്യവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവൊന്നുമില്ലാതെ ജനിക്കുന്ന കുട്ടി പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ ആയി മാറുകയാണ് എന്നതാണ് ഫ്രഞ്ച് തത്വചിന്തകയായ സിമോണ്‍ ഡി ബുവ്വര്‍ എന്ന ഫെമിനിസ്റ്റ്, സെക്കന്റ് സെക്‌സ് എന്ന പുസ്തകത്തിലൂടെ വിശദീകരിക്കുന്നത്. ലിവ്ഡ് എക്‌സ്പീരിയന്‍സ് എന്ന തലക്കെട്ടോടെ പുസ്തകത്തിന്റെ രണ്ടാം വാല്യത്തില്‍ തുടക്കത്തില്‍ത്തന്നെ പറയുന്ന ഒരു വാചകം ഇപ്പോള്‍ നമ്മുടെ നാട്ടിലും അല്പം പ്രസിദ്ധമായിരുന്നു. One is not born, but becomes a woman- എന്നതാണ് ആ ആപ്തവാക്യം. ഈ വാക്യത്തോടെ ഡി ബിവ്വോര്‍ തുറന്നു വെക്കുന്നത് സ്ത്രീയുടെ വിവിധജീവിതഘട്ടങ്ങളിലെ അനുഭവങ്ങളിലേക്കുള്ള വിമര്‍ശനാത്മകമായനോട്ടമാണ്. ആ വിശകലനത്തെ, അതൊരു വിശദീകരണം മാത്രമാണ് പ്രതിഷേധാത്മക പ്രതികരണം അല്ല എന്ന് ചില അഭിമുഖങ്ങളില്‍ ഡി ബുവ്വര്‍ പറയുന്നുണ്ടെങ്കിലും, സ്ത്രീയനുഭവങ്ങളെ വിശദീകരിക്കുക വഴി അതിനെ വിമര്‍ശനാത്മകമായി കാണുന്നതിനും മാറ്റിയെടുക്കുന്നതിനുമുള്ള ആഹ്വാനം അതിലുള്‍ക്കൊണ്ടിട്ടുണ്ട്. ഒരു പക്ഷെ അന്നത്തെ ഫ്രാന്‍സില്‍ അക്കാദമികബൗദ്ധിക രംഗത്ത് നില്‍ക്കുന്ന ഒരാളെന്ന നിലയില്‍, ഒരു സ്ത്രീ-തത്വചിന്തക എന്ന നിലക്ക് ചെയ്യാന്‍ പറ്റുന്ന ഈ എഴുത്തുപ്രവര്‍ത്തനം, പ്രതിഷേധപ്രവര്‍ത്തനമാണ് എന്ന് കടുത്ത വിമര്‍ശനരോഷത്തോടെ പറയുവാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടായിരുന്നിരിക്കാം. അതിനാല്‍ത്തന്നെയാകണം, വളരെ നര്‍മം കലര്‍ന്ന രീതിയിലാണ് പല വിമര്‍ശനഭാഗങ്ങളും എഴുതപ്പെട്ടിട്ടുള്ളതും വിശകലനങ്ങള്‍ നടത്തിയിട്ടുള്ളതും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മധ്യത്തില്‍ത്തന്നെയും ഫ്രാന്‍സിലേയും പൊതുവേ യൂറോപ്പിലേയും സാമൂഹ്യവ്യവസ്ഥയില്‍ സ്ത്രീയനുഭവങ്ങള്‍ എത്ര രണ്ടാം കിടയായിരുന്നു എന്നതിന്റെ വിശദീകരണം ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തിലും പ്രസക്തമാണ്.
0 Comments