പശ്ചാത്യ സാഹചര്യത്തില്‍ ക്രിസ്തുവിനു മുമ്പുള്ള കാലഘട്ടങ്ങളില്‍ ഗ്രീസില്‍ വളരെയധികം തത്ത്വചിന്താപരമായ മുന്നേറ്റങ്ങള്‍ ഉണ്ടായി എന്ന് കാണാമെങ്കിലും സ്ത്രീകളുടെ സാന്നിധ്യം കാണാന്‍ കഴിയില്ല. ക്രിസ്തുവിനു മുമ്പ് എണ്ണൂറു വര്‍ഷത്തോളം പിറകിലേക്ക് നോക്കിയാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ബുദ്ധസന്യാസിനിമാര്‍ സ്ത്രീപക്ഷ ചിന്ത പറഞ്ഞിരുന്നതായി കാണാം. അതിനും മുമ്പുള്ള കാലം ഇന്ത്യയിലുണ്ടായിരുന്ന ബഹുദൈവ കഥകളിലെ പോലെത്തന്നെ, ഗ്രീസില്‍ അഥീന, അപ്പോളോ,അഫ്രോഡിറ്റ, ഹേരാ തുടങ്ങി പല ഗ്രീക്ക് ദേവതകളുടെ ചിത്രങ്ങള്‍/കഥകള്‍ ഒക്കെ പ്രധാനപ്പെട്ടതായി ഉണ്ടെങ്കിലും, ജീവിച്ചിരിക്കുന്ന ചിന്തകകളെ കാണാന്‍ കഴിയില്ല. വളരെ പിന്നീട് എ. ഡി. മുന്നൂറുകളില്‍ ജീവിച്ചിരുന്ന ഹിപ്പേഷ്യ എന്ന ചിന്തകതന്നെ ചരിത്രത്തില്‍ അത്ര ഇടം പിടിച്ചിരുന്നില്ല. പുരുഷാധിപത്യ സമൂഹം എഴുതിയ ചരിത്രത്തില്‍ ഇല്ലാതിരുന്ന ഹിപ്പേഷ്യ ഈയിടെയായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഹിപ്പേഷ്യക്ക് ശേഷം മധ്യകാലഘട്ടം വരെ മറ്റു സ്ത്രീകളുടെ സാന്നിധ്യം ചിന്താചരിത്രത്തില്‍ ഇല്ല. മദ്ധ്യകാലഘട്ടം വരെ പൊതുവേ പാശ്ചാത്യരാജ്യങ്ങളില്‍ ക്രിസ്തീയതയുടെ തത്ത്വങ്ങള്‍ മാത്രമാണ് മുന്നിട്ടു നിന്നത് എന്നും കാണാം. മിഡീവല്‍ കാലഘട്ടത്തിലെ സെന്റ് തെരേസാസ് എന്നിങ്ങനെയുള്ള ചില ക്രിസ്തീയ സന്യാസിനികള്‍ ചില സ്ത്രീപക്ഷ താത്ത്വിക ചിന്തകള്‍ മുന്നോട്ടു വെക്കുന്നതായി കാണാം. പിന്നീട് ആധുനികതയുടെ കാലഘട്ടത്തില്‍ വളരെയേറെ സ്ത്രീപക്ഷ തത്ത്വചിന്തകര്‍ ചിന്തകളും പ്രവര്‍ത്തനങ്ങളും മുന്നോട്ടുവെച്ചതായി കാണാം.
0 Comments