മൂന്നാംലോക മഹായുദ്ധം എന്ന പോലൊരു യുദ്ധം മത (ദ) ജാത്യാചാര വഴി മഹാഭാരത യുദ്ധമായി സംഭവിക്കുമോ എന്നു തോന്നിക്കുമാറ് കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയാന്തരീക്ഷങ്ങൾ മോശമായി വരികയാണ് ഇപ്പോൾ. ശബരിമലപ്രശനം കാരണം ഇത്രയും കടന്നു ചിന്തിക്കാതെ വയ്യ എന്ന അവസ്ഥയാണ് ഉള്ളത് എന്നതിനാൽ ഇതേക്കുറിച്ചു വേവലാതിപ്പെടുന്ന ഓരോ മനുഷ്യനും ഓരോ തരത്തിൽ പ്രതികരിക്കുക തന്നെ ചെയ്യണം. ഇന്ത്യയിലെ നാനാത്വത്തിൽ ഏകത്വവും സെക്കുലറിസം എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന സർവ്വമത മമതയും ഒക്കെ പ്രസിദ്ധമാണല്ലോ.എന്നാൽ ഇനി ജാതിയെയും ലിംഗത്തെയും മുൻനിർത്തി കടുത്ത ചിന്തകൾ ഉണ്ടായേ തീരു. ലിംഗപ്രശ്നമാണോ ലിംഗപദവിപ്രശ്നമാണോ ജാതിമതപ്രശ്നമാണോ രാഷ്ട്രീയപ്രശ്നമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള ചർച്ചകളും നിലപാടുകളുമൊക്കെയാണ് സമൂഹത്തിലിപ്പോൾ ഒഴുകിക്കൊണ്ടിരിക്കുന്നന്നത്. പ്രളയത്തിലൂടെ ഒഴുകി വന്ന മാലിന്യങ്ങൾ മറ്റൊരു തരം പ്രളയമായി എന്ന പോലെ. തേർഡ് വേൾഡ് രാജ്യങ്ങളിൽ പ്രമുഖസ്ഥാനമുള്ള ഇന്ത്യയിൽ സംഭവിക്കാവുന്ന ഏറ്റവും പ്രസക്തമായ സാമൂഹ്യമാറ്റമാവും ജാതിയുടെയും മതത്തിന്റെയും ലിംഗപദവിയുടെയും അസമത്വം ഇല്ലാതാവുക എന്നത്; അതൊരു യുദ്ധസമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടാണെങ്കിലും ഉണ്ടാവേണ്ടുന്ന ഒരു മാറ്റം തന്നെയാണ്. ‘ആർത്തവലഹള’ എന്ന പേരിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചേക്കാവുന്ന ശബരിമലപ്രശനം സ്ത്രീപക്ഷത്തു നിന്ന് ചിന്തിച്ചാലും സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ ഭാഗമായി ചിന്തിച്ചാലും ഗുണകരമായ ഒന്നാണെന്നും പറയേണ്ടിവരും. ഇന്നേ വരെ യാഥാസ്ഥിതിക ഇന്ത്യൻ സമൂഹത്തിൽ ഇത്ര കാര്യമായി സ്ത്രീയുടെ അശുദ്ധിയെ ഇല്ലായ്മ ചെയ്യാൻ ആർത്തവത്തെക്കുറിച്ചും മറ്റും ചർച്ചകൾ ഉണ്ടായിട്ടില്ല. ശബരിമല അതിനൊരു നിമിത്തമായി എന്നത് അഭികാമ്യമായ കാര്യമാണ്.
0 Comments